
ഹരിപ്പാട്: പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടു വയസുകാരൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആലപ്പുഴ കാർത്തികപ്പള്ളി വലിയകുളങ്ങര സ്വദേശികളായ രാജേഷ്–താര ദമ്പതികളുടെ മകൻ രാഹുലാണ് മരിച്ചത്. ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകി അമ്മ ആശുപത്രിയിൽ കഴിയുന്നതിനിടെയായിരുന്നു ദാരുണ സംഭവം. കുട്ടിക്ക് ആവശ്യമായ ഭക്ഷണവും പരിചരണവും ലഭിച്ചിരുന്നില്ലെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏകദേശം 12 കിലോഗ്രാം ഭാരമുണ്ടാകേണ്ട പ്രായത്തിൽ രാഹുലിന്റെ ശരീരഭാരം ഏഴു കിലോഗ്രാം മാത്രമായിരുന്നുവെന്നാണ് വിവരം. ഇന്നലെ രാവിലെ ഏഴരയോടെ വീടിനുള്ളിൽ അനക്കമില്ലാതെ കിടന്ന കുട്ടിയെ പിതാവ് രാജേഷ് സ്വന്തം ഓട്ടോറിക്ഷയിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ, ആശുപത്രിയിലെത്തിക്കുന്നതിനു മുൻപുതന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പട്ടിണിമരണമാണെന്ന സംശയം ഉയർന്നതോടെ തൃക്കുന്നപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുട്ടിക്ക് കടുത്ത പോഷകാഹാരക്കുറവും വിളർച്ചയും അസാധാരണമായ ശരീരഭാരക്കുറവും ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. ആവശ്യമായ ഭക്ഷണവും പരിചരണവും ലഭിക്കാത്തതാണ് കുട്ടിയുടെ ആരോഗ്യനില മോശമാകാൻ കാരണമായതെന്ന സംശയവും ഉയർന്നിട്ടുണ്ട്. ശരീരത്തിൽ സംശയാസ്പദമായ മുറിവുകളോ പരുക്കുകളോ കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
ശനിയാഴ്ച ഉച്ചയോടെയാണ് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശാ പ്രവർത്തകർ താരയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഇവർ ആൺകുഞ്ഞിന് ജന്മം നൽകി. അമ്മ ആശുപത്രിയിലായതോടെ രാഹുൽ പിതാവിനൊപ്പമായിരുന്നു വീട്ടിൽ. കുട്ടിയുടെ സംരക്ഷണത്തിൽ പിതാവ് വേണ്ടത്ര ശ്രദ്ധ പുലർത്തിയില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
കുടുംബത്തിൽ നേരത്തെയും ഒരു ആൺകുട്ടി മരിച്ചിരുന്നു. കയ്യിൽനിന്ന് അബദ്ധത്തിൽ താഴെ വീണതിനെ തുടർന്നാണ് അന്ന് കുട്ടി മരിച്ചതെന്നായിരുന്നു കുടുംബം നൽകിയ വിശദീകരണം. മഴയിൽ വീട് തകർന്നതിനെ തുടർന്ന് പ്ലാസ്റ്റിക് ഷെഡിലായിരുന്നു കുടുംബത്തിന്റെ താമസം. ജനപ്രതിനിധികളും ശിശുക്ഷേമസമിതിയും ഇടപെട്ട് കുടുംബത്തെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റിയിരുന്നെങ്കിലും അവിടെ തുടരാൻ ഇവർ തയ്യാറായില്ല. തുടർന്ന് ശിശുക്ഷേമസമിതിയുടെ അനുമതിയോടെ വലിയകുളങ്ങരയിലെ കുടുംബവീട്ടിലേക്ക് മടങ്ങുകയായിരുന്നു.
കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയെന്ന പരാതിയിൽ പിതാവ് രാജേഷിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കുന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്. കുടുംബത്തിലെ മൂന്നു മുതൽ പതിനൊന്ന് വയസ്സുവരെയുള്ള മറ്റ് നാല് പെൺകുട്ടികളെയും ശിശുക്ഷേമസമിതി ഏറ്റെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. രാഹുലിന്റെ മൃതദേഹം വലിയകുളങ്ങരയിലെ കുടുംബവസ്തുവിൽ സംസ്കരിച്ചു.










